മുംബൈ: കൊളാബ-സീപ്‌സ് ഇടനാഴിയുടെ ഒരു ഭാഗത്തെ തുരങ്കപാതയുടെ നിർമാണം പൂർത്തിയാക്കിയതായി മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എംഎംആർസി) അറിയിച്ചു.കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കെ, പ്രധാന പദ്ധതികളുടെ പ്രവർത്തനം തുടരാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അനുവദിച്ചിരുന്നു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ലോഞ്ചിംഗ് ഷാഫ്റ്റിൽ നിന്ന് 2018 ഫെബ്രുവരി രണ്ടിന് കമ്മീഷൻ ചെയ്ത ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) വൈതാർന രണ്ട് 2,730 ആർസിസി വളയങ്ങളോടെ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ഏറ്റവും ദൈർഘ്യമേറിയ ഓട്ടം പൂർത്തിയാക്കിയതായി എംഎംആർസിയുടെ പ്രസ്താവനയിൽ പറഞ്ഞു.മെട്രോ മൂന്ന് ഇടനാഴിയിലെ 28-ാമത്തെ തുരങ്കപാതയാണിത്. ഒരു ഡ്രൈവിൽ നാല് കിലോമീറ്റർ ദൂരം പൂർത്തിയാക്കുന്ന ഇടനാഴിയിലെ ആദ്യത്തെ ടിബിഎം ആയി വൈതാർന രണ്ട് മാറി.
കൊവിഡ് -19 പടർന്നതാണ് ടീമിന് മുന്നിൽ ഉയർന്ന വെല്ലുവിളി. എന്നിരുന്നാലും, തങ്ങൾ ശാരീരിക അകലം പാലിക്കുകയും സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുകയും ചെയ്തിരുന്നതായി എംഎംആർസി മാനേജിംഗ് ഡയറക്ടർ രഞ്ജിത് സിംഗ് ഡിയോൾ പറഞ്ഞു.
നാല് കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ ചത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുതൽ മുംബൈ സെൻട്രൽ വരെ കൽബദേവി, ഗിർഗാവ്, ഗ്രാന്‍റ് റോഡ് വഴി അഞ്ച് ഭൂഗർഭ സ്റ്റേഷനുകളുമാണ് ഉള്ളത്. പദ്ധതി പ്രകാരം തുരങ്ക നിർമ്മാണത്തിനായി ആകെ 17 ടിബിഎമ്മുകളെ നിയോഗിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറോടെ പദ്ധതിയുടെ 100 ശതമാനം തുരങ്ക നിർമ്മാണവും പൂർത്തിയാക്കുമെന്ന് എംഎംആർസി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
30,000 കോടി രൂപയുടെ പദ്ധതിയിലൂടെ നഗരത്തിന്‍റെ തെക്ക് ഭാഗത്തുള്ള കഫെ പരേഡ് ബിസിനസ് ജില്ലയെ വടക്ക്-മധ്യഭാഗത്തെ സീപ്‌സുമായി ബന്ധിപ്പിക്കും. ഇതിന് 26 ഭൂഗർഭ സ്റ്റേഷനുകളും, ഒരു അറ്റ് ഗ്രേഡ് സ്റ്റേഷനുമാണ് ഉള്ളത്.