ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസിനു നേരെ അതിഥി തൊഴിലാളികള്‍ കല്ലെറിഞ്ഞു. ലോക്ക് ഡൗണിനിടെ അതിര്‍ത്തിയായ പാലം വിഹാര്‍ മേഖല വഴി ഹരിയാനയിലേക്ക് കടക്കാന്‍ ശ്രമിച്ച തൊഴിലാളികളെ പൊലീസ് തടഞ്ഞപ്പോഴാണ് കല്ലേറുണ്ടായത്. തൊഴിലിനായി ഡല്‍ഹിയില്‍ നിന്നും നോയിഡയില്‍ നിന്നും നിരവധി അതിഥി തൊഴിലാളികള്‍ ഗുരുഗ്രാമില്‍ എത്താറുണ്ടായിരുന്നു. പൊലീസിന് നേരെ കല്ലേറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു.
ഹരിയാനയിലെ 22 ജില്ലകള്‍ ഓറഞ്ച് സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യവസായ മേഖലകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ ഹരിയാനയില്‍ പ്രവേശിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ആവശ്യമാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളതിനാല്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തമ്മില്‍ വിരുദ്ധാഭിപ്രായം നിലനില്‍ക്കുന്നുണ്ട്.