ചെന്നൈ: മുംബൈയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മക്കള്‍ നീതി മയ്യം (എംഎൻഎം) അധ്യക്ഷന്‍ കമൽ ഹാസൻ. രാജ്യം ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സർക്കാർ താഴെകിടയിലുള്ളവരിലേക്കും ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ "ബാൽക്കണി ഗവൺമെന്‍റ്" എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ബാന്ദ്രയിൽ ഒത്തുകൂടിയത്. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് ആൾകൂട്ടത്തെ പിരിച്ചുവിട്ടത്.
കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം കുടിയേറ്റ തൊഴിലാളികൾ ചൊവ്വാഴ്ച ബാന്ദ്രയിൽ ഒത്തുകൂടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് ഡൗൺ മെയ് 3 വരെ നീട്ടിയതിന് പിന്നാലെയായിരുന്നു നടപടി. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.