ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കം പരിഹരിക്കാന്‍ രാജ്യാന്തര ഇടപെടല്‍ ആവശ്യപെട്ട പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍. ഭീകര വാദത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് രാജ്യാന്തര സമൂഹം തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ എല്ലായ്പ്പോഴും ഇര വാദം പുറത്തെടുക്കുകയാണ്. അതേസമയം ഇന്ത്യയില്‍ ഭീകരര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സഹായവും നല്‍കുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ ആദ്യം ഭീകരത അവസാനിപ്പിക്കണം. അല്ലാതെ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്യേണ്ടതെന്ന് രവീഷ് കുമാര്‍ പറഞ്ഞു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ വാർഷിക യോഗത്തിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായതിനാല്‍ അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ അഭ്യര്‍ഥിച്ചു.