മംഗളുരൂ: വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസി പൗരന്മാരെ ക്വറന്‍റയില്‍ ചെയ്യാന്‍ സൗകര്യമൊരുക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. 170 യാത്രക്കാരുമായി ദുബായിൽ നിന്നുള്ള ആദ്യ വിമാനം ചൊവ്വാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) ഇറങ്ങും. ഏകദേശം ആയിരത്തോളം ലോഡ്‌ജുകൾ, ഹോസ്റ്റലുകൾ, സർവീസ് അപ്പാർട്ടുമെന്‍റുകള്‍ എന്നിവയാണ് പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
നിർബന്ധിത രണ്ടാഴ്ചത്തെ ക്വറന്‍റയിന് 18 ഹോട്ടലുകൾ, ലോഡ്‌ജുകൾ, ആറ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ അധികൃതർ മുറികൾ റിസർവ് ചെയ്തിട്ടുണ്ട്. മടങ്ങിയെത്തുന്നവർക്ക് ഹോട്ടലുകളിലോ സർക്കാർ സൗകര്യങ്ങളിലോ താമസിക്കാനുള്ള അവസരം നൽകും. മൂവായിരത്തോളം ഇന്ത്യൻ പൗരന്മാരാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലേക്ക് എത്തുന്നത്. പുതിയ മംഗലാപുരം തുറമുഖത്തേക്ക് സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ കപ്പലുകളിലും പ്രവാസികളെത്തും. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ളവരെ മാത്രമേ ഇവിടെ ക്വറന്‍റയിന്‍ ചെയ്യുകയുള്ളു. ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾ, കേരളത്തിലെ കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ അതത് സ്ഥലങ്ങളിലേക്ക് അയയ്ക്കും.