ലഖ്‌നൗ: നോയിഡയിൽ പതിനേഴുവയസുകാരിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ വീഡിയോ മൊബൈലിൽ പകർത്തി വാട്‌സ്‌ആപ്പിലൂടെ പ്രചരിപ്പിച്ചതിൽ കേസിലെ മുഖ്യപ്രതി (26)യെയും ദൃശ്യങ്ങൾ പകർത്താൻ സഹായിച്ച സുഹൃത്തി(21)നെയുമാണ് പൊലീസ് ഇന്ന് പിടികൂടിയത്.
ഒരു വർഷം മുമ്പ് ശീതളപാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് പെൺകുട്ടിയെ അബോധാവസ്ഥയിലാക്കുകയും തുടർന്ന് മാനഭംഗപ്പെടുത്തുകയുമായിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. ലോക്ക് ഡൗൺ മൂലം പെൺകുട്ടി വാടക വീട്ടിൽ നിന്നും സ്വദേശത്തേക്ക് പോയതോടെ പ്രതികൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചു. വിഷയം പൊലീസിനെ അറിയിക്കുകയാണെങ്കിൽ പെൺകുട്ടിയെയും കുടുംബത്തേയും കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, സംഭവം കഴിഞ്ഞ ദിവസം പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടതോടെ സെക്‌ടർ 49 പൊലീസ് രണ്ട് പ്രതികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 (ബലാത്സംഗം), 328, 120 ബി (ഗൂഢാലോചന), 506 ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ലൈംഗിക കുറ്റകൃത്യങ്ങൾ (പോക്സോ) നിയമം, പട്ടികജാതി-ഗോത്രവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം എന്നിവ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.