ചെന്നൈ: കാമുകിയെ കാണാൻ കൊവിഡ് നിരീക്ഷണ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് യുവാവ്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മധുര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ നേരിട്ട് നിരീക്ഷണ ക്യാമ്പില്‍ എത്തിക്കുകയാണ് ചെയ്യുക. ഇവിടെ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്.
ഈ മാസം മാര്‍ച്ച് 23നാണ് തമിഴ്നാട് ശിവഗംഗൈ ജില്ലയിലെ കീഷാ പൂങ്കുഡി സ്വദേശിയായ വിജയ് എന്ന യുവാവ് ദുബൈയില്‍ നിന്നും വന്ന വിമാനത്തില്‍ മധുരയില്‍ എത്തിയത്. തുടര്‍ന്ന് ഇയാളെ മധുര ചിന്ന ഉദയ്പ് ക്യാമ്പിലെക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും യുവാവ് ചാടി പോയതായി കാണിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. വിദേശത്ത് നിന്നെത്തിയ തന്നെ കാണാൻ കാമുകി ആഗ്രഹിച്ചിരുന്നതായും ഇതിനാലാണ് ക്യാമ്പില്‍ നിന്നും ചാടിപ്പോയതെന്നും യുവാവ് പൊലീസിനെ അറിയിച്ചു.
കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ യുവതിക്കും നിരീക്ഷണം ഏര്‍പ്പെടുത്തി.