ന്യൂഡൽഹി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിക്കുള്ളിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 24-കാരനായ കരൺ ചന്ദ്രയാണ് മരിച്ചത്. മാൽവിയ നഗർ സ്വദേശിയാണ് യുവാവ്. ഇന്നലെ വെള്ളിയാഴ്‌ച്ച വൈകുന്നേരം 4.10 ഓടെ മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയതോടെയാണ് അധികൃതർ മുറി പരിശോധിച്ചത്. മുറിക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരും ഹോട്ടൽ ജീവനക്കാരും വാതിൽ തുറന്നപ്പോൾ ചന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പും ചില മെഡിസിൻ സ്ട്രിപ്പുകളും കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനിടെ ജനുവരി 19 മുതൽ ചന്ദ്ര ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി. ജനുവരി 20 ന് ഇയാൾ മുറിക്കു പുറത്ത് 'ശല്യപ്പെടുത്തരുത്' എന്ന ടാഗ് ഇട്ടതായി പൊലീസ് പറഞ്ഞു. ഷെഡ്യൂൾ ചെയ്‌ത പ്രകാരം ചെക്ക് ഔട്ട് സമയമായപ്പോൾ ഡ്യൂട്ടി മാനേജർ ഇയാളുടെ മൊബൈൽ നമ്പറിലും ഇന്‍റർകോമിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. മൃതദേഹം തുടർനടപടികൾക്കായി രാം മനോഹർ ലോഹിയ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.