കോയമ്പത്തൂർ: നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങൾക്ക് മുന്നിൽ ടയർ കത്തിച്ചയാളെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ സേലം സ്വദേശിയായ ഗജേന്ദ്രനാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീട്ടുകാരുമായി വഴക്കിട്ട ഇയാൾ വെള്ളിയാഴ്ച രാത്രി വീട് വിട്ട് ഇറങ്ങിയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
ഇയാളുടെ ഫോട്ടോകൾ ഈറോഡിലെയും സേലത്തിലെയും പൊലീസിനും ടോൾ പ്ലാസയിലും കൈമാറിയിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണെന്നും അതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് മക്കലിയമ്മൻ ക്ഷേത്രം, വിനായഗർ ക്ഷേത്രം, സെൽവ വിനയഗർ ക്ഷേത്രം എന്നിവയ്ക്ക് പുറത്ത് ടയറുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്.
സാമൂഹ്യ പരിഷ്കർത്താവായ ഇ വി രാമസാമിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവങ്ങൾ. ഇതുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങൾക്ക് മുന്നിൽ ടയറുകൾ കത്തിച്ച് എറിയാനുള്ള കാരണം വ്യക്തമായിട്ടില്ല.