ചെന്നൈ: തമിഴ്നാട് ജില്ലയിലെ അതിപുരാതനമായ തുറമുഖ നഗരമാണ് മഹാബലിപുരം അഥവാ മാമല്ലപുരം. പ്രാചീന കാലത്തെ ചൈനീസ് സഞ്ചാരിയും പണ്ഡിതനുമായ ഹുയാന്‍ സാങ് 13 നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടം സന്ദര്‍ശിച്ചിരുന്നു. ആ സമയത്താണ് തന്‍റെ മാതൃരാജ്യമായ ചൈനയും തമിഴ്നാടും തമ്മിലുള്ള പൊതുവായ സാംസ്കാരിക ബന്ധം മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. ബുദ്ധമത പഠനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം മഹാബലിപുരം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നത്. ഇതേ തുറമുഖ നഗരമാണ് നാളെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാകുന്നത്.
ബുദ്ധമത സന്യാസിമാരുടെ നിരവധി ധ്യാനാത്മക നിലപാടുകളും ചില ബുദ്ധമത തത്വങ്ങളും മഹാബലിപുരത്തെ കൊത്തുപണികളിലും ശില്പങ്ങളിലും കാണാന്‍ സാധിക്കും. ശ്രീകൃഷ്ണന്‍റെ വിവിധ ഭാവങ്ങൾ, പഞ്ചപാണ്ഡവരുടെ രഥങ്ങൾ, അർജുനന്‍റെ തപസ്സ് എന്നിവയും ശില്‍പങ്ങളില്‍ കാണാം. ഇതില്‍ നിന്നും ചൈനയുടെയും ഇന്ത്യയുടെയും സാംസ്കാരിക അടയാളങ്ങൾ കണ്ടെത്താൻ കഴിയും.
എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ബുദ്ധമതം തഴച്ചുവളർന്ന സ്ഥലങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്. പ്രധാന തമിഴ് ഇതിഹാസം 'ചിലപ്പധികാരം' രചിച്ച ഇളങ്കോവടികള്‍ ഉൾപ്പെടെയുള്ള സംഘകാല കവികളില്‍ പലരും ബുദ്ധമത വിശ്വാസികളായിരുന്നു. പല്ലവരാജ വംശത്തിന്‍റെ വിശ്വാസങ്ങളും ഇവിടങ്ങളിലെ കൊത്തുപണികളില്‍ കാണാന്‍ സാധിക്കും.
തുറമുഖനഗരമായ മഹാബലിപുരം ഇന്ത്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെയാണ് ചിത്രീകരിക്കുന്നത്. കൂടാതെ, ദ്രാവിഡ ഹൃദയഭൂമിയിലെ പുരാതന തീരപ്രദേശമായ ഇവിടം വടക്ക് നിന്ന് തെക്ക് വരെയുള്ള ഇന്ത്യൻ സംസ്കാരം പല നൂറ്റാണ്ടുകളായി ഒന്നുതന്നെയാണെന്നും സൂചിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിന് മുമ്പുതന്നെ തമിഴ് ജനതക്ക് ചൈനയുമായി ബന്ധമുണ്ട്. ഈ ബന്ധം ബിസി രണ്ടാം നൂറ്റാണ്ടിലാണ്. പുരാതന ചൈനീസ് പണ്ഡിതൻ ബാൻ ഗു പറയുന്നതനുസരിച്ച്, അക്കാലത്ത് തമിഴ്‌നാട് ഭരിച്ചിരുന്ന ചോള രാജാവിന്‍റെ കൊട്ടാരത്തിലേക്ക് ചൈന രാജ്യപ്രതിനിധിയെ അയച്ചു. തുടര്‍ന്നാണ് ചൈനയിലെ 'കുവാങ്‌ചെ' നഗരത്തിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനും സമാനതകള്‍ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തുന്നത്. ചോള രാജാക്കന്മാർ ഭരിക്കുന്ന തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ ചൈനീസ് നാണയങ്ങൾ കാണപ്പെട്ടിരുന്നു. പുരാതന തമിഴ് കൃതിയായ 'പട്ടിനപാളൈ'യില്‍ 'തുങ്കു നാവെ' എന്ന ചൈനീസ് കപ്പലിനെ കുറിച്ചാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പുരാതനകാലം മുതൽ തന്നെ ഇന്ത്യയും ചൈനയും തമ്മിൽ സാംസ്കാരിക ബന്ധമുണ്ടെന്നാണ്.