മുംബൈ: മഹാരാഷ്‌ട്രയില്‍ മന്ത്രിമാര്‍ക്കിടയില്‍ വകുപ്പ് വിഭജനം തിങ്കളാഴ്‌ചയോടെ പൂർത്തിയാകുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്. ചില പുതിയ വകുപ്പുകൾ സർക്കാർ പരിഗണനയിലാണെന്നും ഇതാണ് കാലതാമസത്തിന് കാരണമെന്നും നവാബ് മാലിക് മാധ്യമങ്ങളോട് പ്രതികരിച്ചു.
2019 ഡിസംബര്‍ 31ന് എൻസിപി, കോൺഗ്രസ്, ശിവസേന പാര്‍ട്ടികളില്‍ നിന്നായി 36 നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും അവരുടെ വകുപ്പുകൾ ഏതാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്‍റെ അതിമോഹമാണ് കാലതാമസത്തിന് കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മന്ത്രി ഇത് നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്, മെട്രോ തുടങ്ങിയ വകുപ്പുകളും പുതിയ സര്‍ക്കാരിന്‍റെ കീഴില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെക്കായിരിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല നല്‍കുകയെന്നാണ് സൂചന.
വകുപ്പ് വിതരണം സംബന്ധിച്ച് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടികൾ വ്യാഴാഴ്‌ച യോഗം ചേര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പ്രതികരിച്ചിരുന്നു.