ഭോപാൽ : മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നേക്കില്ല. വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവർണര്‍ ലാല്‍ജി ടണ്ഡന്‍റെ ഉത്തരവുണ്ടായിരുന്നെങ്കിലും ഗവർണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിനമായ ഇന്നത്തെ അജണ്ട. ഇതോടെ സംസ്ഥാനത്തെ രാഷ്‌ട്രീയത്തില്‍ അനിശ്ചിതത്വം തുടരുമെന്ന് ഉറപ്പായി.
കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ലാല്‍ഡി ടണ്ഡന് കത്ത് നല്‍കിയിരുന്നു. തുടർന്നാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ വോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും, ഗവര്‍ണര്‍ക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ ജയപൂരിലേക്ക് മാറ്റിയ എംഎൽഎ മാരെ കോണ്‍ഗ്രസ് ഭോപാലിൽ എത്തിച്ചു. ഏപ്രില്‍ 13വരെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് നേതൃത്വം വിപ്പ് നല്‍കിയിട്ടുണ്ട്.
230 അംഗ നിയമസഭയിൽ ആറ് എംഎൽഎമാർക്ക് പുറമെ 16 വിമത എംഎൽഎമാരുടെ രാജികൂടി ഗവർണർ സ്വീകരിച്ചാൽ കേവല ഭൂരിപക്ഷം 104 ആയി ചുരുങ്ങും. 92 ആണ് നിലവിൽ കോണ്ഗ്രസിന്‍റെ അംഗബലം. ഇതോടെ 107 അംഗങ്ങളുള്ള ബിജെപിക്ക് കമൽനാഥ് സർക്കാരിനെ വീഴ്ത്തി മന്ത്രിസഭ രൂപികരിക്കാൻ സാധിക്കും. അതേസമയം വിമതരേയും, ഏതാനും ബിജെപി എംഎൽഎമാരെയും ഒപ്പം നിർത്തി ഭരണം നിലനിർത്താനുളള നീക്കങ്ങള്‍ അണിയറയിൽ കോണ്‍ഗ്രസ് ശക്തമാക്കിയതായാണ് സൂചനയുണ്ട്.