ഭോപ്പാല്‍: സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനായി മധ്യപ്രദേശില്‍ തൊഴില്‍ നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പുതിയ മാറ്റങ്ങള്‍ വഴി വ്യവസായങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും ഫാക്‌ടറി ഉടമകളും തൊഴിലാളികളും തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇത്തരമൊരു സംരഭം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം മധ്യപ്രദേശ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കറ്റുകളിലെ തിരക്ക് കുറക്കുന്നതിന് കടകള്‍ തുറക്കുന്ന സമയക്രമം രാവിലെ 6 മുതല്‍ രാത്രി 12 വരെയാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്താനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണിത്. ഫാക്‌ടറികള്‍ ഷിഫ്റ്റ് സമയക്രമം 8മണിക്കൂറില്‍ നിന്നും 12 മണിക്കൂറായി വര്‍ധിപ്പിക്കും. എങ്കിലും 8 മണിക്കൂറിന് ശേഷം ജോലി തുടരുന്നത് നിര്‍ബന്ധമല്ല. ആഴ്‌ചയില്‍ 72 മണിക്കൂര്‍ വരെ തൊഴിലാളികള്‍ക്ക് അധികസമയം ജോലി ചെയ്യാം. അതിനനുസരിച്ചുള്ള അധിക വേതനം ലഭിക്കും. പുതിയ വ്യവസായങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷനും ലൈസന്‍സും ഒരു ദിവസത്തിനുള്ളില്‍ നല്‍കും. ഫാക്‌ടറികളുടെ ലൈസന്‍സ് പുതുക്കല്‍ 10 വര്‍ഷത്തേക്കാക്കി നല്‍കാനും ധാരണയുണ്ട്. കൂടാതെ മണ്ഡി നിയമം ഭേദഗതി ചെയ്‌ത് കര്‍ഷകര്‍ക്ക് വിളകള്‍ വീട്ടില്‍ നിന്ന് തന്നെ വില്‍ക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.