ഭോപ്പാല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരൻ മരിച്ചു. കർഷകനായ സെത്പുര സ്വദേശി ഹരികിഷൻ കുശ്വാഹയുടെ മകൻ പ്രഹ്ളാദാണ് മരിച്ചത്. നാല് ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ഇന്ന് പുലര്‍ച്ചെയാണ് പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നവംബര്‍ നാലിനാണ് 200 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ പ്രഹ്ളാദ് വീണത്.
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഹരികിഷൻ കുശ്വാഹ കൃഷി സ്ഥലത്ത് പുതുതായി നിർമിച്ച കുഴൽക്കിണറിലാണ് അഞ്ച് വയസുകാരൻ വീണത്. 200 അടിയുള്ള കുഴൽക്കിണറിലെ 60 അടി താഴ്‌ചയിൽ വെച്ച് ആൺകുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. 80 പേരോളം ചേർന്ന് 90 മണിക്കൂറോളം നീണ്ട ഓപ്പറേഷനിൽ ഒടുവിലാണ് ആൺകുഞ്ഞിനെ പുറത്തെടുത്തത്.