ഭോപ്പാൽ: മധ്യപ്രദേശിലെ മൽഹർഗഡിലേക്ക് വെട്ടുകിളികൾ കൂട്ടത്തോടെ പ്രവേശിച്ചെന്നും എന്നാൽ കേന്ദ്ര സർക്കാരിന്‍റെ വിവിധ ശാസ്ത്ര വിഭാഗത്തിലെ ശാസ്‌ത്രജ്ഞരുടെ ഉദ്യമത്തിലൂടെ 60 ശതമാനത്തോളം വെട്ടുകിളികളെ നീക്കം ചെയ്‌തെന്നും ജില്ലാ മജിസ്‌ട്രേറ്റ് മനോജ് പുഷ്‌പ് പറഞ്ഞു. ഉത്തർപ്രദേശിലെ കൃഷി വകുപ്പ് വെട്ടുക്കിളി ആക്രമണ സാധ്യതയെക്കുറിച്ച് രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകർ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഡ്രംസ്, പ്ലേറ്റ് തുടങ്ങിയവ ഉപയോഗിച്ച് ശബ്‌ദങ്ങൾ ഉണ്ടാക്കി വിളകൾ സംരക്ഷിക്കണമെന്നും നിർദേശം നൽകിയിരുന്നു. പ്രതിരോധ രാസവസ്‌തുക്കൾ വിളകളിൽ പ്രയോഗിക്കാമെന്നും നിർദേശം നൽകിയിരുന്നു.
ഈ വർഷം വെട്ടുകിളികൾ നേരത്തേ തന്നെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വെട്ടുകിളി ആക്രമണത്തിനെതിരെ സംസ്ഥാനങ്ങൾ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയ വക്താവ് പറഞ്ഞു.