ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മോർഫ് ചെയ്‌ത വീഡിയോക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് കോടതി ഉത്തരവ്. മോർഫ് ചെയ്‌ത വീഡിയോയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വളരെ മോശമായി ചിത്രീകരിച്ചിരുന്നതായി അഭിഭാഷകൻ പറഞ്ഞു.
2020 ഫെബ്രുവരി 12 ന് നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെജ്‌രിവാൾ അശ്ലീല ഗാനം ആലപിക്കുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതായി അഭിഭാഷകൻ അമിത് സാഹ്നി നൽകിയ പരാതിയിൽ പറയുന്നു.
“കേസിനാധാരമായ വീഡിയോയിൽ ഗാനത്തിന്‍റെ സ്വരവും രീതിയും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ താറടിക്കുക മാത്രമല്ല, അരവിന്ദ് കെജ്‌രിവാളിനെ ദില്ലി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നതിനായി ആം ആദ്‌മി പാർട്ടിക്ക് (എഎപി) വോട്ടുചെയ്‌ത് അവരുടെ ഭരണഘടനാ അവകാശങ്ങൾ വിനിയോഗിച്ച പൊതുജനങ്ങളെയും വോട്ടർമാരെയും മോശമായി അഭിസംബോധന ചെയ്യുകയുമായിരുന്നു," സെപ്റ്റംബർ 24 ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു.
അധിക്ഷേപകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്നതിന് പുറമെ, വീഡിയോ മോർഫ് ചെയ്‌തതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത കുട്ടികൾ അരവിന്ദ് കെജ്‌രിവാൾ ആലപിക്കുന്നത് കാണുകയും ചെയ്‌തതിനാൽ മോർഫ് ചെയ്‌ത ഗാനത്തിൽ ഉപയോഗിച്ച മോശം വാക്കുകൾ പിന്തുടരാനും സാധ്യതയുണ്ട്. ചെറുപ്പക്കാർ, കൗമാരക്കാർ, കുട്ടികൾ എന്നിവർ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ പിന്തുടരുന്നുവെന്നും അദ്ദേഹം മികച്ച അക്കാദമിക് പ്രൊഫൈലുള്ള ഒരു വ്യക്തിയാണെന്നും ഐഐടി പാസായ അദ്ദേഹം സുഖകരമായ ജോലി ഉപേക്ഷിച്ച് സമൂഹത്തിന് വേണ്ടി രാഷ്ട്രീയത്തിൽ വന്നയാളാണെന്നും അഭിഭാഷകനായ സാഹ്നി പറഞ്ഞു.
ആരോപണവിധേയമായ വീഡിയോ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ തരംതാഴ്ത്തുകയാണെന്നും അത്തരം ഉള്ളടക്കം കൂടുതൽ പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും സാഹ്നി പറഞ്ഞു.