ലക്‌നൗ: ഉത്തർപ്രദേശിലെ ഝാന്‍സിയില്‍ പ്രാന്തപ്രദേശത്ത് വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടുക്കിളി കൂട്ടത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. വിളകളെ തിന്നു നശിപ്പിക്കുന്ന വെട്ടുക്കിളി കൂട്ടത്തിന്‍റെ പെട്ടെന്നുള്ള ആക്രമണത്തിനെതിരെ രാസവസ്‌തുക്കളുമായി സജ്ജരായി ഇരിക്കണമെന്ന് അഗ്നിശമനസേനക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വെട്ടുക്കിളികളുടെ ആക്രമണമുണ്ടായാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആന്ദ്ര വംശി അറിയിച്ചു. ഇതുസംബന്ധിച്ച് അടിയന്തര യോഗം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വെട്ടുക്കിളികൾ പച്ച പുല്ലും പച്ചപ്പും ഉള്ള സ്ഥലങ്ങൾ തേടി പോകുന്നതിനാൽ അത്തരം പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കണമെന്നും കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ കമൽ കത്യാർ നിർദേശം നൽകിയിട്ടുണ്ട്. യുപിയിൽ കണ്ടെത്തിയ വെട്ടുക്കിളികൾ ചെറിയ വലിപ്പത്തിൽ ഉള്ളവയാണെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്ത് 2.5 മുതൽ മൂന്ന് കിലോമീറ്റർ വരെ നീളമുള്ള വെട്ടുക്കിളികളുടെ സംഘം പ്രവേശിച്ചതായി അറിയാൻ കഴിഞ്ഞു. വെട്ടുക്കിളികളെ പ്രതിരോധിക്കാൻ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഒരു സംഘം എത്തിയിട്ടുണ്ട്. നിലവിൽ വെട്ടുക്കിളികളുടെ കൂട്ടം മഗർപൂരിലാണ് ഉള്ളതെന്നും ഇവ വരുത്തുന്ന വിനാശത്തെ കുറിച്ച് കർഷകരെ പറഞ്ഞ് ബോധ്യമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്‌ടർ വ്യക്തമാക്കി. ഇന്ന് രാത്രിയിൽ കീടനാശിനികൾ തളിക്കുമെന്നും കത്യാർ അറിയിച്ചിട്ടുണ്ട്.