ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക് ഡൗൺ നീട്ടിയതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു. മെയ് ഏഴ് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ മെയ് അഞ്ചിന് മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് മൂന്നിനാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്.
വാടകക്കാരിൽ നിന്നും വീട്ടുടമസ്ഥർ മൂന്ന് മാസത്തേക്ക് വാടക വാങ്ങരുതെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായ ശേഷമേ വാടക വാങ്ങാവൂവെന്നും അദ്ദേഹം നിർദേശിച്ചു. ട്യൂഷൻ ഫീസ് ഒഴികെ മറ്റൊരു ഫീസും വിദ്യാർഥികളിൽ നിന്നും സ്വീകരിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് ശമ്പളത്തിൽ 10 ശതമാനം വർധനവ് ഉണ്ടാകും. തെലങ്കാനയിൽ 21പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 858 പേർക്ക് രോഗം സ്ഥിരീകരിച്ചു. മെയ് ഒന്നുമുതൽ തെലങ്കാന സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു.