ദിസ്‌പൂർ: കൊവിഡ് 19 കേസുകളുടെ വർധനവ് കണക്കിലെടുത്ത് അസം സർക്കാർ കമ്രൂപ് ജില്ലയിൽ ഒരാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടിയേക്കും. 14 ദിവസത്തെ ലോക്ക് ഡൗൺ ഞായറാഴ്ച അവസാനിച്ചതിന് ശേഷമാണ് അസം സർക്കാർ അറിയിച്ചത്.
ദുരന്തനിവാരണ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനായ ചീഫ് സെക്രട്ടറിയും കമ്രൂപ് ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഒരാഴ്ചത്തേക്ക് കൂടി മാത്രം ലോക്ക് ഡൗൺ നീട്ടിയാൽ മതിയെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വർധിച്ചുവരുന്ന അണുബാധ കണക്കിലെടുത്ത് മറ്റ് വിഭാഗങ്ങൾ രണ്ട് ആഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
11.20 ലക്ഷം ജനസംഖ്യയുള്ള വടക്കുകിഴക്കൻ പ്രധാന വാണിജ്യ കേന്ദ്രമായ ഗുവാഹത്തി കമ്രൂപ് ജില്ലയുടെ ആസ്ഥാനമാണ്. കർശന നിയന്ത്രണങ്ങളോടെ ഗുവാഹത്തി ഈ മാസം നാലാം ആഴ്ചയിൽ വീണ്ടും തുറക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ 10 ശതമാനം ജനങ്ങൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഒരു പ്രധാന നഗരവും ഗുവാഹത്തിയെക്കാൾ രോഗ പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച 15,536 കേസുകളിൽ 9,848 രോഗികളും രോഗമുക്തി നേടിയതോടെ അസമിലെ രോഗവിമുക്തി നിരക്ക് 63.39 ശതമാനമാണ്.