ലക്‌നൗ: ഉത്തർപ്രദേശിലെ ഗംഗാപൂർവ ഗ്രാമത്തിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ. ധർമേന്ദ്രയാണ് (32) മരിച്ചത്. ഇയാളെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതായി ഗിർവ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശശി കുമാർ പാണ്ഡെ പറഞ്ഞു. ധർമേന്ദ്ര ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പ്രതിസന്ധിയിൽ ജോലി നഷ്ടമായതോടെ സ്വദേശത്തേക്ക് മടങ്ങിയെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു.
ധർമേന്ദ്രക്ക് മറ്റ് ജോലിക്ക് പോകാൻ ജോബ് കാർഡ് ലഭിച്ചിരുന്നില്ല. സഹോദരിയുടെ വിവാഹം അടുത്തുവരുന്നതിലും ആശങ്കയുണ്ടായിരുന്നുവെന്ന് സഹോദരൻ ഗ്യാൻ സിംഗ് പറഞ്ഞു. സഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകാൻ യോഗി-ആദിത്യനാഥ് സർക്കാർ രണ്ടാഴ്ച മുമ്പ് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിദേശം നൽകിയിരുന്നു. പദ്ധതി നിലവിൽ വരുന്നതോടെ മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ തൊഴിലാളികൾക്ക് ജോലി നേടാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.