ഭുവനേശ്വർ: ബാലസോറിൽ നിന്ന് അത്യപൂർവമായ മഞ്ഞ ആമയെ കണ്ടെത്തി. സുജൻപൂർ ഗ്രാമവാസികളാണ് കഴിഞ്ഞ ദിവസം ആമയെ കണ്ടെത്തിയത്. തുടർന്ന് ഗ്രാമവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയും ആമയെ കൈമാറുകയും ചെയ്‌തു. ഇത്തരം പ്രത്യേകതയുള്ള ഒരു ആമയെ മുമ്പ് കണ്ടിട്ടില്ലെന്നും ആമയുടെ പുറംതോടും ശരീരവും മഞ്ഞനിറമാണെന്നും വന്യജീവി വാർഡൻ ഭാനുമിത്ര ആചാര്യ പറഞ്ഞു.
കഴിഞ്ഞ മാസം മയൂർഭഞ്ച് ജില്ലയിലെ ഡ്യൂലി ഡാമിൽ നിന്നും അപൂർവയിനം ട്രയോണിചിഡേ ആമയെ കണ്ടെത്തിയിരുന്നു. ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന മൃദുവായ പുറന്തോടുള്ള ആമകളാണ് ട്രയോണിചിഡേ ആമകൾ. 30 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഇത്തരം ആമകൾക്ക് 50 വർഷം വരെ ജീവിക്കാൻ സാധിക്കും. ഇതിനുമുമ്പ് ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ ബിജു എക്‌സ്‌പ്രസ് ഹൈവേ നിർമാണ സമയത്ത് അപൂർവ ഇനം കടലാമയെ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി 42 കിലോഗ്രാം ഭാരമുള്ള ആമയെ രക്ഷപ്പെടുത്തി. ഇന്ത്യയിലെ ആമകളിൽ 90 ശതമാനവും കാണപ്പെടുന്നത് ഒഡിഷയിലാണ്. സംസ്ഥാനത്തെ ഒലീവ് റിഡ്‌ലി കടലാമ വളരെ പ്രശസ്‌തമാണ്.