ഹൈദരാബാദ്: തെലങ്കാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . 120 മുനിസിപ്പാലിറ്റികളിലേക്കും 9 കോര്‍പ്പറേഷനുകളിലേക്കുമുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 53ലക്ഷം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലേത്തുന്നത്. രാവിലെ 7മുതല്‍ വൈകുന്നേരം 5വരെയാണ് വോട്ടെടുപ്പ്. എന്നാല്‍ കരിംനഗര്‍ മുനിസിപ്പാലിറ്റിയില്‍ ജനുവരി 25നാണ് വോട്ടെടുപ്പ്. ജനുവരി 27ന് ഫലം പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാഗി റെഡ്ഢി പറഞ്ഞു. ഒരു ബൂത്തില്‍ ശരാശരി 800 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ 2,647 വാർഡുകളിലും കോർപ്പറേഷനുകളിലെ 382 ഡിവിഷനുകളിലും വോട്ടെടുപ്പ് നടക്കും. എന്നാല്‍ 80 വാർഡുകളിലെ മൂന്ന് ഡിവിഷനുകളിലേക്കുള്ള കൗൺസിലർമാരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
7961 പോളിങ് സ്റ്റേഷനുകളിലായി 45000 പോളിങ് ഉദ്യാഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. 50000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.