ജയ്‌പൂർ: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും ജനങ്ങളുടെ താൽപര്യത്തിൽ സത്യത്തോടൊപ്പം നിൽക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എംഎൽഎമാരോട് അഭ്യർഥിച്ചു. രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജസ്ഥാൻ നിയമസഭാ സമ്മേളനം ഈ മാസം 14 ന് ആരംഭിക്കും.
സംസ്ഥാനത്തിന്‍റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി സഹകരണം ആവശ്യമാണെന്ന് അറിയിച്ച് ഗെലോട്ട് എല്ലാ എംഎൽഎമാർക്കും കത്തയച്ചു. തെറ്റായ കീഴ്‌വഴക്കങ്ങൾ ഒഴിവാക്കുന്നതിനും സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ശബ്ദം കേൾക്കണമെന്ന് കത്തിൽ പറയുന്നു. ഗെലോട്ട് സർക്കാരിനെതിരെ നീങ്ങിയതുകൊണ്ട് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. നിങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള നിയമസഭാംഗമായാലും, സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനായി സർക്കാർ എങ്ങനെ ശക്തമായി പ്രവർത്തിക്കണമെന്ന് ഓരോ വോട്ടറുടെയും വികാരം മനസിലാക്കിയ ശേഷം തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാർ പ്രതിപക്ഷ എംഎൽഎമാരെ ഉപദ്രവിക്കുകയാണെന്ന് ബിജെപി എംഎൽഎ നിർമ്മൽ കുമാവത്ത് ആരോപിച്ചിരുന്നു. സമാധാനം തേടി സോംനാഥിലേക്കുള്ള തീർത്ഥാടനത്തിലാണെന്നും എംഎൽഎ പറഞ്ഞു. രാജസ്ഥാൻ കുതിരക്കച്ചവട ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാരെ ജയ്‌സാൽമർ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്.