ന്യൂഡൽഹി: പുതുച്ചേരി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ കിരൺ ബേദിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അഭ്യര്‍ഥിച്ചു. തെറ്റ് സമ്മതിച്ച കിരണ്‍ ബേദി ഖേദപ്രകടനവുമായി രംഗത്തെത്തിയതായും ട്വീറ്റ് പിന്‍വലിച്ചതായും രാജ്‌നാഥ് സിങ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട് തമിഴ് ജനതയെയും സംസ്ഥാന സര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തിലുള്ള ബേദിയുടെ ട്വീറ്റിനെതിരെ പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നു. ഇക്കാര്യം ഡിഎംകെ നേതാവ് ടി ആർ ബാലു ലോക്‌സഭയില്‍ ഉന്നയിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രതിരോധമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ബേദിയുടെ പ്രസ്‌താവന സഭയില്‍ അവതരിപ്പിച്ച സിങ്, ഖേദപ്രകടനം പരിഗണിച്ച് ട്വീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന് സഭാംഗങ്ങളോട് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ കാഴ്‌ചപ്പാടാണ് എഴുതിയതെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നുമുള്ള ബേദിയുടെ പ്രസ്‌താവന സിങ് എടുത്തു പറഞ്ഞു.
തമിഴ് ജനതക്കെതിരായ പരാമർശം നടത്തിയ വിഷയത്തിൽ മറുപടി നൽകിയതിന് ഡിഎംകെ എംപി ദയാനിധി മാരൻ പ്രതിരോധമന്ത്രിക്ക് നന്ദി പറഞ്ഞു. പ്രതിപക്ഷ വിയോജിപ്പ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഇതേ മനോഭാവം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിങ്ങിന്‍റെ പ്രസ്‌താവനക്ക് പിന്നാലെ തമിഴ് ജനതയെ ബേദി അപമാനിച്ച സാഹചര്യത്തില്‍ ഇതില്‍ പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.