ന്യൂഡല്‍ഹി: നഗരത്തിലെ വായുമലിനീകരണം കുറയ്‌ക്കാനായി അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍. സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണം വെറും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ ഭരണത്തിനെതിരല്ലെന്നും എന്നാല്‍ അശ്രദ്ധമായി ഭരണം നടപ്പിലാക്കുന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ രീതികളോട് തനിക്ക് വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടർന്നുണ്ടാകുന്ന പൊടിപടലങ്ങളും മാലിന്യങ്ങൾ കത്തിക്കുന്നതുമാണ് ഡല്‍ഹിയിലെ വായുമലിനീകരണതോത് വര്‍ധിക്കാന്‍ ഇടയാക്കിയത്. പക്ഷേ ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണമാണ് ജനകീയ പദ്ധതിയെന്ന രീതിയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും വിജയ് ഗോയല്‍ കുറ്റപ്പെടുത്തി.
നഗരത്തിലെ മലിനീകരണതോത് ഗുരുതരമായി തന്നെ തുടരുകയാണ്. ഡല്‍ഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.