മുംബൈ: ഇന്ത്യ സന്ദർശനത്തിനെത്തിയ ട്രംപിനോട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് ശിവസേന. സർക്കാരിന്‍റെ പരിഗണനയിലുള്ള പൗരത്വ നിയമ ഭേദഗതി, എൻആർസി, എൻപിആർ, ഷഹീൻ ബാഗ് എന്നീ വിഷയങ്ങളിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിൽ പറയുന്നു.
മതസ്വാതന്ത്ര്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാൻ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സാമ്‌നയിലെ ലേഖനം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും സ്വാതന്ത്ര്യം, അന്തസ് എന്നിവയെക്കുറിച്ച് പുറത്ത് നിന്നുള്ളവരിൽ നിന്ന് അഭിപ്രായം ആവശ്യമില്ലെന്നും അഹമ്മദാബാദും ഡൽഹിയും ആഗ്രയും സന്ദർശിച്ച് തിരിച്ച് പോകുന്നതാണ് നല്ലതെന്നുമാണ് ശിവസേനയുടെ വിമർശനം.