ബെംഗളൂരു: കർണാടകയിൽ 16 പുതിയ സർവകലാശാലകൾ കൂടി ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത് നാരായണൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സർവകലാശാലകളും 34 പുതിയ സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊണ്ട് വരുമെന്നും മന്ത്രി. 2030 ഓടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവകലാശാലകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ കർണാടകയിൽ ആറ് ഗവേഷണ കേന്ദ്ര സർവകലാശാലകൾ, 10 അധ്യാപന പരീശീലന കേന്ദ്ര സർവകലാശാലകൾ, 34 സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നയം നടപ്പാക്കുന്നതിനായി രൂപീകരിച്ച മുൻ ചീഫ് സെക്രട്ടറി എസ്.വി രംഗനാഥിന്‍റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് അടുത്ത ദിവസങ്ങളിൽ കരട് റിപ്പോർട്ട് സമർപ്പിക്കുമെന്നും നയം നടപ്പാക്കാനുള്ള രൂപരേഖ 2020 ഓഗസ്റ്റ് 29 ന് മുമ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി ഈ മാസം ആദ്യമാണ് കേന്ദ്ര സർക്കാർ പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്. 2030 ഓടെ 100 ശതമാനം എൻറോൾമെന്‍റ് റേഷ്യോ (ജിഇആർ) ഉപയോഗിച്ച് പ്രീ-സ്ക്കൂൾ തലം മുതൽ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്നതാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം.