ബെംഗളൂരു: സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും വീട്ടിലെത്തിക്കുന്ന ജനസേവക പദ്ധതിയുമായി കർണാടക. റേഷൻ കാർഡുകൾ, മുതിർന്ന പൗരന്മാരുടെ തിരിച്ചറിയൽ കാർഡുകൾ, ഹെൽത്ത് കാർഡുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഹോം ഡെലിവറി ഉറപ്പാക്കുന്നതിന് കർണാടക സർക്കാർ ആരംഭിച്ച ജനസേവക പദ്ധതി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ഏതാനും മുനിസിപ്പൽ കോർപ്പറേഷൻ വാർഡുകളിലാകും പദ്ധതി നടപ്പാക്കുക.
സർക്കാർ സംവിധാനം കാര്യക്ഷമമാക്കി സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും കൃത്യസമയത്ത് പൗരന്മാരിൽ എത്തിക്കുന്ന സകല പദ്ധതിക്ക് കീഴിലുള്ളതാണ് ജനസേവക. പദ്ധതി വഴി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ ആനുകൂല്യം വേഗത്തിലും സുഗമമായും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം ബെംഗളുരു, മംഗളൂരു, ഹബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതി നടത്തിപ്പിനായി പ്രത്യേകം പരിശീലനം നൽകിയ വോളന്‍റിയർമാരുണ്ട്. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ സജ്ജമാക്കി. ഹോം ഡെലിവറി സേവനങ്ങൾക്ക് 115 രൂപ ഈടാക്കിയാണ് പദ്ധതി. ഇതിനുപുറമെ, വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ഓൺലൈനായി എളുപ്പത്തിൽ എത്തിക്കുന്നതിനും കർണാടക സർക്കാർ തീരുമാനിച്ചു. ഫീസ് ഓൺലൈനായി അടച്ചുകൊണ്ട് വീട്ടിലിരുന്ന് അപേക്ഷ നൽകാവുന്നതാണ്.