ലക്നൗ: ആത്മഹത്യാ ഭീഷണിയുമായി കിരണ്‍ തിവാരിയുടെ ഭാര്യ. അജ്ഞാതര്‍ വെടിവെച്ച് കൊന്ന ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ ഭാര്യയാണ് കിരണ്‍ തിവാരി. ഭര്‍ത്താവിന് നീതി ലഭിച്ചില്ലെങ്കില്‍ കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് കിരണ്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമലേഷിന് ഭീഷണി ഫോണ്‍കോളുകള്‍ നിരന്തരം വന്നിരുന്നതായും എന്നാല്‍ അധികൃതര്‍ ഇതിനെതിരെ നടപടിയെടുത്തില്ലെന്നും കിരണ്‍ പറഞ്ഞു. കമലേഷിന്‍റെ രണ്ട് ആണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
കുടുംബത്തിന് സുരക്ഷ വേണമെന്നും മുഖ്യമന്ത്രി യോഗി കാണാന്‍ വരണമെന്നും അല്ലാത്ത പക്ഷം മൃതദേഹം സംസ്ക്കരിക്കില്ലെന്നും കമലേഷിന്‍റെ അമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിവാരിയുടെ ജന്മനാടായ സീതാപൂരിലെ മഹ്‌മൂദബാദിലേക്ക് എത്തിച്ചു.
ഹിന്ദു സമാജ് പാര്‍ട്ടി സ്ഥാപകനും ഹിന്ദു മഹാസഭ മുന്‍ അധ്യക്ഷനായുമായ കമലേഷ് തിവാരി ലക്നൗവിലെ നാകപ്രദേശത്ത് വെള്ളിയാഴ്ചയാണ് വെടിയേറ്റ് മരിച്ചത്. അക്രമികള്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. കൃത്യം നടന്ന സ്ഥലത്തുനിന്നും ഒരു റിവോള്‍വര്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപികരിച്ചു.
എസ്കെ ഭഗത്(ഇന്‍സ്പെക്ടര്‍ ജനറല്‍ ലക്നൗ), ദിനേശ് പുരി(പൊലീസ് ക്രൈം ലക്നൗ സൂപ്രണ്ട്), പി കെ മിശ്ര(പൊലീസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി സൂപ്രണ്ട്) എന്നിവര്‍ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. കേസില്‍ മുഖ്യമന്ത്രി ആദിത്യനാഥ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഹോം),ഡയറക്ടര്‍ ജനറല്‍(പൊലീസ്)എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.