ലഖ്‌നൗ: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിൽ കഴിയുന്ന ഡോ. കഫീൽ ഖാന്‍റെ തടങ്കൽ കാലാവധി ഉത്തർപ്രദേശ് സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ (എഎംയു) നടത്തിയ സിഎഎ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാൻ ജനുവരി 29ന് ജയിലിലായത്.
അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നിർദേശപ്രകാരമാണ് 2020 ഫെബ്രുവരി 13ന് ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതെന്ന് ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് നാലിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തുടർന്ന് വിഷയം ഉപദേശക സമിതിക്ക് അയക്കുകയായിരുന്നു. ഡോ. കഫീൽ ഖാനെ ജയിലിൽ അടയ്ക്കാൻ മതിയായ കാരണങ്ങളുണ്ടെന്നായിരുന്നു ഉപദേശക സമിതിയുടെ റിപ്പോർട്ട്. തുടർന്ന് മെയ് ആറിന് മൂന്ന് മാസത്തേക്ക് കൂടി തടങ്കൽ കാലാവധി നീട്ടുകയായിരുന്നു.
യുപി ഉപദേശക സമിതിയുടെ റിപ്പോർട്ടും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ റിപ്പോർട്ടും പ്രകാരം നിക്ഷിപ്‌ത അധികാരം ഉപയോഗിച്ച് ഗവർണർ ആനന്ദിബെൻ പട്ടേലാണ് കഫീൽ ഖാന്‍റെ കാലാവധി വീണ്ടും മൂന്ന് മാസം കൂട്ടി നീട്ടിയത്. ഇതു പ്രകാരം നവംബർ 13 വരെ കഫീൽ ഖാൻ ജയിലിൽ കഴിയേണ്ടി വരും.