ന്യൂഡൽഹി: സ്‌ത്രീപീഡന കേസുകളിൽ കൃത്യവും വസ്തുനിഷ്ഠവുമായ വിധികളുണ്ടാകാൻ മുതിര്‍ന്ന ജഡ്‌ജിമാര്‍ ശ്രദ്ധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. പുരുഷാധിപത്യം ശക്തമായ കാലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ പഴയ ആളുകളില്‍ ഒരുപാട് പേര്‍ ഇന്ന് ജഡ്‌ജിമാരായിട്ടുണ്ട്. പണ്ടുകാലത്തെ അവസ്ഥയില്‍ നിന്ന് സമുഹം ഒരുപാട് മാറിയിട്ടുണ്ട്.
അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന ലിംഗവിവേചനം ഇപ്പോഴത്തെ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്ന് കെകെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഒരു ബോധ്യമുണ്ടാകാൻ എല്ലാ അഭിഭാഷകരും മൂന്ന് വർഷം പരിശീലനം നേടണം. ഇവരെ പഠിപ്പിക്കാൻ അധ്യാപകരുണ്ടാകണം. ഇതിനായി ജുഡീഷ്യൽ അക്കാദമികൾ ആവശ്യമാണെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് പ്രതിയുടെ കൈയില്‍ രാഖി കെട്ടാൻ പറഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഒമ്പത് വനിത അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് കെകെ വേണുഗോപാലിന്‍റെ പരാമര്‍ശം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ വനിത ജഡ്ജിമാര്‍ ആവശ്യമാണെന്നും കെ.കെ വേണുഗോപാല്‍ കോടതിയെ രേഖാമൂലം അറിയിച്ചു. ഇതിനായി കീഴ്‌ക്കോടതികളും ട്രൈബ്യൂണലുകളിലുമുള്ള വനിതാ ജഡ്‌ജിമാരുടെ കണക്കെടുക്കണമെന്നും കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.