ന്യൂഡല്‍ഹി: ക്യാമ്പസിനുള്ളില്‍ സമാധാനം നിലനിര്‍ത്തണമെന്ന് വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാൻസിലര്‍ എം.ജഗദേശ്. വിദ്യാർഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ ഒരു തടസവുമില്ലാതെ നടക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വി.സി ഉറപ്പ് നൽകി. ഞായറാഴ്‌ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ പ്രവേശിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ക്യാമ്പസിനുള്ളില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വി.സി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ ജെഎൻയുഎസ്‌യു രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ ജെഎൻയുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെ 18ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. വൈസ് ചാൻസലർ ഒരു ഭീരുവാണെന്നും പിന്നാമ്പുറ വാതിലുകളിലൂടെ നിയമവിരുദ്ധമായ നയങ്ങൾ അവതരിപ്പിക്കുകയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നയാളാണെന്നും ജെഎൻയുസു ആരോപിച്ചു. ഞായറാഴ്ച രാത്രി 34 ജെഎൻയു വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എല്ലാവരെയും രാവിലെയോടെ ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലുമായി സംസാരിക്കുകയും വിദ്യാര്‍ഥി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.