റാഞ്ചി: പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കാനുള്ള പരിശ്രമത്തിലാണ് ജാര്‍ഖണ്ഡിലെ ജുഗ്‌സലായ് മുനിസിപ്പൽ കൗൺസിൽ. അതിനായി ജംഷഡ്‌പൂരില്‍ 'പാത്ര ബാങ്ക്' എന്ന പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇവര്‍. 10 അംഗങ്ങൾ വീതമുള്ള 37 സ്വയം സഹായ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ജുഗ്‌സലായ് മുന്‍സിപ്പൽ കൗൺസിൽ പാത്ര ബാങ്കിന്‍റെ സേവനം നടത്തുന്നത്. ആഘോഷ പരിപാടികൾക്കും മറ്റും ആഹാരം വിളമ്പാൻ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നുള്ള പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം സ്റ്റീല്‍ പാത്രങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍. കുറഞ്ഞ വിലക്കാണ് പാത്ര ബാങ്കില്‍ നിന്ന് പാത്രങ്ങൾ വാടകയ്ക്ക് നല്‍കുന്നത്.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെയാണ് പാത്ര ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കാനായി കൂടുതല്‍ പദ്ധതികൾ ഭാവിയില്‍ നടപ്പാക്കുമെന്ന് ജുഗ്‌സലായ് മുന്‍സിപ്പല്‍ കൗൺസിൽ സ്പെഷ്യൽ ഓഫീസർ ജെ.പി.യാദവ് പറഞ്ഞു. 37 സ്വയം സഹായ ഗ്രൂപ്പുകൾ വഴിയാണ് പാത്രങ്ങൾ വാടകക്ക് നല്‍കുന്നത്. ഇതിലൂടെ നിരവധി സ്ത്രീകൾക്ക് തൊഴില്‍ ലഭിച്ചു എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ആദ്യ ഘട്ടത്തില്‍ അമ്പതോ നൂറോ ആളുകൾ ഒത്തുകൂടുന്ന ചെറിയ പരിപാടികളിലാണ് പാത്ര ബാങ്കിന്‍റെ സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. പദ്ധതി വിജയകരമായി തുടരുകയാണെങ്കില്‍ വ്യാപിപ്പിക്കാനുള്ള ലക്ഷ്യമുണ്ടെന്ന് മുന്‍സിപ്പല്‍ കൗൺസിലിന്‍റെ സിറ്റി മിഷൻ മാനേജർ ഗ്ലെനിഷ് മിൻസ് പറഞ്ഞു.
സസ്യാഹാരികൾക്കും അല്ലാത്തവര്‍ക്കും ഉപയോഗിക്കാൻ പ്രത്യേക പാത്രങ്ങൾ കരുതിയിട്ടുണ്ട്. സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുമ്പോൾ വീട്ടില്‍ നിന്ന് കഴിക്കുന്ന പ്രതീതി ലഭിക്കുമെന്നും ഭക്ഷണത്തിന് കൂടുതല്‍ സ്വാദ് തോന്നുമെന്നും ആളുകൾ പറയുന്നു. ജനങ്ങൾക്ക് പാത്ര ബാങ്കുമായി ബന്ധപ്പെടാൻ ജുഗ്‌സലായ് മുന്‍സിപ്പല്‍ കൗൺസില്‍ പ്രത്യേക മൊബൈൽ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വാട്‌സ് ആപ്പ് വഴിയും ആളുകൾക്ക് പാത്ര ബാങ്കിന്‍റെ സേവനങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.