ടോക്യോ: പ്രതിരോധ കരാർ, ക്രോസ് സർവീസിങ് കരാർ എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. രണ്ടാം ലോക മഹായുദ്ധസമയത്ത് ജപ്പാനും സഖ്യസേനയും തമ്മിലുള്ള യുദ്ധക്കളമായിരുന്ന ഇംഫാലിലെ സമാധാന മ്യൂസിയത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാല്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാവും അബെ.
യുദ്ധത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ജൂണിലായിരുന്നു ഇംഫാല്‍ സമാധാന മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇംഫാലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മ്യൂസിയം മണിപ്പൂര്‍ സര്‍ക്കാരിന്‍റെയും ടൂറിസം ഫോറത്തിന്‍റെയും സഹകരണത്തോടെ നിപ്പോണ്‍ ഫൗണ്ടേഷനാണ് നിര്‍മിച്ചത്.
അതേസമയം ഇന്ത്യ-ജപ്പാന്‍ 2+2 മിനിസ്റ്റീരിയല്‍ യോഗം ഈ ആഴ്‌ചയോടെ നടക്കും. പ്രതിരോധ കരാര്‍ അഥവാ എസിഎസ്‌എ ഒപ്പിടുന്നതിന് യോഗം വേദിയാകും. ജാപ്പനീസ്, ചൈനീസ്, ദക്ഷിണ കൊറിയൻ നേതാക്കളുടെ യോഗത്തിനായി അബെ ഡിസംബർ അവസാനം ചൈനയും സന്ദർശിക്കുന്നുണ്ട്.