ന്യൂഡൽഹി: ഭൂചലനമുണ്ടായാൽ യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ജപ്പാൻ 'എൻ 700 എസ് റെജിൻസ് സുപ്രീം' ട്രെയിൻ പുറത്തിറക്കി. ടോക്കൈഡോ ഷിങ്കൻസെൻ ലൈനിൽ സർവീസ് നടത്തുന്ന പ്രത്യേക ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ജാപ്പനീസ് ഷിങ്കൻസെൻ അതിവേഗ ട്രെയിനുകളുടെ എൻ 700 സീരീസിന്‍റെ നവീകരിച്ച പതിപ്പാണ് എൻ 700 എസ്. ടോക്കിയോ ഒളിമ്പിക്സ് 2020-നോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. പ്രവർത്തന വേഗത മണിക്കൂറിൽ 285 കിലോമീറ്ററാണ്. സുരക്ഷാ സംവിധാനമാണ് ട്രെയിനിന്‍റെ മുഖമുദ്ര.
ഭൂകമ്പങ്ങൾ കണ്ടെത്തുന്നതിനുള്ള ആദ്യകാല സംവിധാനമാണ് ഷിങ്കൻസെൻ നെറ്റ്‌വർക്കിനുള്ളത്. പ്രത്യേക ബ്രേക്കിങ്ങ് സംവിധാനമുള്ള ട്രെയിന് ഉയർന്ന വേഗതയിൽ പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും. കൂടാതെ, ലോകത്തിലെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി സെൽഫ് പ്രൊപ്പൽഷൻ സംവിധാനമാണ് ട്രെയിനിനുള്ളത്. പ്രകൃതിദുരന്തസമയത്ത് വൈദ്യുതി മുടക്കം സംഭവിച്ചാൽ, ഈ സംവിധാനം ട്രെയിനെ നിശ്ചിത ദൂരം വരെ പ്രവർത്തിക്കാൻ അനുവദിക്കുന്നു.
ഓരോ കാർ കമ്പാർട്ടുമെന്‍റിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സുഖമായി ഇരിക്കാൻ ഇരിപ്പിടങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഓരോ സീറ്റിനും വ്യക്തിഗത പവർ ഔട്ട്‌ലെറ്റും ഉണ്ട്.