ന്യൂഡല്‍ഹി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം സുപ്രീംകോടതി തള്ളിയത് മുസ്ലീം സംഘടനകളെ നിരാശപ്പെടുത്തിയെന്ന് ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷദ് മഅ്ദനി. ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, നിർമ്മോഹി അഖാഡ, 40 ആക്ടിവിസ്റ്റുകൾ എന്നിവർ നൽകിയ 18 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചേംബറിൽ നടത്തിയ പരിശോധനയിൽ തള്ളിയത്.
സുപ്രീംകോടതിയുടെ തീരുമാനം എന്തുതന്നെയായാലും അതിനെ മാനിക്കുമെന്ന് ഞങ്ങൾ നേരെത്തെ പറഞ്ഞിരുന്നു. എന്നാലും മുസ്ലീം സംഘടനകൾ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിരാശരാണ്. കാരണം ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്ത് പള്ളി പണിതിട്ടില്ലെന്ന് അംഗീകരിച്ചിട്ടും കോടതി 'രാം ലല്ല'യെ അനുകൂലിച്ചു. വിധി ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നതിനുമുപ്പറമാണ്. അതേസമയം പുനഃപരിശോധനാ ഹര്‍ജികൾ തള്ളിയ കോടതിയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. ക്ഷേത്രത്തിന് വിട്ടുനല്‍കിയ സ്ഥലത്ത് ബാബരി മസ്‌ജിദ് നിലനിന്നിരുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. അത് 500 ക്ഷേത്രങ്ങൾ അവിടെ പണിതാലും ഞങ്ങളുടെ വിശ്വാസം അങ്ങനെ തന്നെ ആയിരിക്കുമെന്നും മൗലാനാ അര്‍ഷദ് മഅ്ദനി പറഞ്ഞു. സുപ്രീംകോടതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒമ്പതിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അയോധ്യ തർക്കത്തിൽ വിധി പ്രഖ്യാപിച്ചത്. 2.77 എക്കര്‍ തര്‍ക്ക ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.