ഷിംല: ദേശീയ തലസ്ഥാനത്ത് ഐവറി കോസ്റ്റ് പൗരനിൽ നിന്ന് 30 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. കുളു ജില്ലാ പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഹെറോയിൻ കണ്ടെടുത്തത്.
ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയ രീതിയിൽ മയക്ക് മരുന്ന് പിടിച്ചെടുക്കുന്നതെന്ന് ഹിമാചൽ പ്രദേശ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) സഞ്ജയ് കുണ്ടു പറഞ്ഞു. 6.297 കിലോഗ്രാം ഹെറോയിൻ, ഒപിയോയിഡ് മരുന്ന്, കഞ്ചാവ് എന്നിവയാണ് പൊലീസ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
55ഗ്രാം ഹെറോയിനുമായി രണ്ട് പ്രതികൾ പിടിയിലായതോടെയാണ് ഇവർക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തിയ ആളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതോടെ ഐവറി കോസ്റ്റ് സ്വദേശിയാണ് മയക്ക് മരുന്ന് വിൽപ്പന നടത്തിയതെന്ന് കണ്ടെത്തുകയും പ്രതി പിടിയിലാവുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.