ന്യൂഡൽഹി: ചൈനീസ് ആക്രമണത്തെ പ്രതിരോധിച്ച 21 സൈനികരുടെ പേരുകൾ ധീരതയ്ക്കുള്ള പുരസ്‌കാരത്തിലേക്ക് ശിപാർശ ചെയ്‌ത് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്. ലഡാക്കിൽ നിയമിതരായ 21 സൈനികർക്ക് ധീര മെഡലുകൾ നൽകണമെന്ന ശിപാർശ സർക്കാരിന് അയച്ചു. ഐടിബിപിയിലെ 294 ഉദ്യോഗസ്ഥർക്കും മെഡലുകളുണ്ടെന്ന് ഐ.ടി.ബി.പി ഡയറക്ടർ ജനറൽ എസ്.എസ്. ദേശ്വാൾ പറഞ്ഞു.
മെയ് മാസത്തിലുണ്ടായ സംഘർഷത്തിൽ ചൈനീസ് സേനയുടെ ആക്രമണത്തെ ചെറുത്തെന്നും പ്രത്യാക്രമണം നടത്തിയെന്നും ഇതിലൂടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ഐടിബിപി പറഞ്ഞു. രാത്രി മുഴുവൻ നീണ്ട നിന്ന ആക്രമണത്തിൽ ചൈനീസ് സേനക്ക് മറുപടി നൽകാൻ സാധിച്ചെന്നും ഇന്ത്യൻ സേനയിലെ നഷ്‌ടം കുറവാണെന്നും ഐടിബിപി അറിയിച്ചു.
ഹിമാലയ വിന്യാസത്തിൽ ലഭിച്ച ഉയർന്ന പരിശീലനത്താൽ ഐടിബിപി സൈനികർക്ക് പിഎൽഎ സൈനികരെ തടഞ്ഞുനിർത്താനായി. ഇതിലൂടെ ഇന്ത്യയുടെ പല പ്രദേശങ്ങളെയും സംരക്ഷിക്കാൻ ഐടിബിപി സൈനികരിലൂടെ കഴിഞ്ഞു. ഛത്തീസ്‌ഗഡിലെ നക്‌സലുകൾക്ക് എതിരെയുള്ള ഓപ്പറേഷനിൽ ആറ് ഐടിബിപി ഉദ്യോഗസ്ഥർക്കും പുരസ്‌കാരത്തിന് ശുപാർശയുണ്ട്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ സമർപ്പിത സേവനങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രത്യേക ഓപ്പറേഷൻ മെഡലുകൾക്കായി 318 ഐടിബിപി ഉദ്യോഗസ്ഥരുടെയും മറ്റ് 40 കേന്ദ്ര സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) ഉദ്യോഗസ്ഥരുടെ പേരുകളും സേന ശുപാർശ ചെയ്‌തിട്ടുണ്ട്. ജനുവരി മുതൽ കൊവിഡ് പ്രവർത്തനങ്ങളിൽ ഐടിബിപി മുന്നിലുണ്ടെന്നും വുഹാനിൽ നിന്നും ഇറ്റലിയിൽ നിന്നും തിരികെ എത്തിച്ചവർക്ക് ക്വാറന്‍റൈൻ സംവിധാനം ഒരുക്കിയത് സേനയാണെന്നും ഐടിബിപി പറഞ്ഞു.