ഹൈദരാബാദ്: ഇന്ത്യ മഹാരാജ്യത്തിന്‍റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു കൂടാ എന്നതിനെ കുറിച്ച് ഒരു ലഘു ഗ്രന്ഥം തന്നെ എഴുതാവുന്നതാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകൻ പി.സായ്‌നാഥ്. മഗ്‌സസെ പുരസ്‌കാര ജേതാവും പത്ര പ്രവര്‍ത്തകനും നിലവില്‍ പീപ്പിള്‍സ് ആര്‍കൈവ്‌സ് ഓഫ് റൂറല്‍ ഇന്ത്യയുടെ (പാരി) എഡിറ്ററുമായ സായ്‌നാഥ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് ഇ.ടി.വി ഭാരതുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്ത് വഷളാക്കിയ കേന്ദ്ര സര്‍ക്കാരിനേയും സംസ്ഥാന സര്‍ക്കാരുകളേയും (കേരളത്തെ മാറ്റിനിർത്തി) അദ്ദേഹം ഒരുപോലെ വിമര്‍ശിച്ചു. “ഞാന്‍ അവര്‍ക്ക് മുന്നില്‍ മുട്ടു കുത്തി നിന്നു കൊണ്ട് യാചിക്കുകയാണ്, അഭ്യര്‍ഥിക്കുകയാണ്, ദയവ് ചെയ്ത് ഇടപെടൂ... ഈ പ്രശ്‌നം ഇനി ഒരിക്കലും സംഭവിക്കാതിരിക്കത്തക്ക വിധം അതില്‍ ഇടപെടണമെന്നാണ് എന്‍റെ അഭ്യര്‍ഥന.''എന്ന് സായ്‌നാഥ് പറഞ്ഞു. “ആശയ്ക്ക് വഴിയില്ലെങ്കിലും ആശ കൈവിടാതെ ഞാന്‍ ആഗ്രഹിക്കുകയാണ്, സര്‍ക്കാര്‍ ഈ വലിയ ഇടപെടലിനു വേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കുമെന്ന്. പക്ഷെ അവര്‍ ആവശ്യമായത് എന്താണെന്ന് വെച്ചാല്‍ അത് ചെയ്യുമെന്ന് എന്നെ കൊണ്ട് ചിന്തിപ്പിക്കുവാന്‍ തക്കവണ്ണം ഇതുവരെ അവര്‍ ഒന്നും ചെയ്തതായി കാണുന്നില്ല.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരും കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാന സര്‍ക്കാരുകളും ഒരുപോലെ ഒട്ടേറെ തെറ്റുകള്‍ വരുത്തി കൊണ്ടാണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടം നടത്തിയത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് വേണ്ടത്ര സമയം നല്‍കാതെ മാര്‍ച്ച് 24ന് രാജ്യത്ത് ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇക്കാരണത്താല്‍ ചെറുതായൊന്നുമല്ല ജനങ്ങള്‍ ബുദ്ധിമുട്ടിയത്. ഒരു പഴയ കാല സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്, സൈനിക യൂണിറ്റുകള്‍ക്ക് പോലും ഒരു പ്രധാനപ്പെട്ട നീക്കം നടത്തുന്നതിനു മുമ്പ് തയ്യാറെടുപ്പ് നടത്തുന്നതിന് നാല് മണിക്കൂറില്‍ അധികം സമയം ലഭിക്കും എന്നാണ്.
മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പാക്കേജുകളെ വെറും 'തട്ടിപ്പ്' എന്നാണ് പി.സായ്‌നാഥ് വിളിച്ചത്. 'അത് ഒരു ആശ്വാസ പാക്കേജല്ലായിരുന്നു. മറിച്ച് പഴയ സാധനം പുതിയ പൊതി കൊണ്ട് സുന്ദരമാക്കല്‍ മാത്രമായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പാക്കേജില്‍ ഉള്‍പ്പെട്ട മുഖ്യ കാര്യങ്ങളും പഴയ പദ്ധതികളുടെ പുതിയ രൂപത്തിലുള്ള അവതരണം മാത്രമായിരുന്നു. പ്രമുഖരായ ചില സാമ്പത്തിക ശാസ്ത്രഞ്ജരെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് നമ്മുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്‍റെ (ജിഡിപി) ഒരു ശതമാനം പോലും ആകുന്നില്ല ഈ ആശ്വാസ പാക്കേജുകള്‍ എന്നാണ്. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും ഇക്കാര്യത്തിനായി നീക്കി വെച്ച തുക ഇതിലുമൊക്കെ എത്രയോ പതിന്മടങ്ങ് വരുമെന്നും അദ്ദേഹം പറയുന്നു.
ഗ്രാമീണ മേഖലകളില്‍ വന്‍ തോതില്‍ തൊഴില്‍ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) ആറ് മുതല്‍ 10 വരെ ഇരട്ടിയാക്കി വിശാലമാക്കണമെന്ന് അഭിപ്രായപ്പെട്ടു. അതുപോലെ പൊതു ജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വന്‍ തോതില്‍ മുതല്‍ മുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്‌പെയിനിന്‍റേയും അയര്‍ലന്‍ഡിന്‍റിന്‍റേയും ഉദാഹരണങ്ങള്‍ ചൂണ്ടി കാട്ടി കൊണ്ട് “ഈ രണ്ട് മുതലാളിത്ത രാജ്യങ്ങളും'' കൊവിഡ് രോഗികള്‍ക്ക് സാര്‍വ്വ ലൗകികമായ ആരോഗ്യ പരിപാലനം നല്‍കുന്നതിനായി സ്വകാര്യ വൈദ്യ സേവന സൗകര്യങ്ങളെ ദേശസാല്‍ക്കരിക്കുകയുണ്ടായി എന്നും എന്തു കൊണ്ട് ഇന്ത്യയില്‍ ഇത്തരം ഒരു കാര്യം സംഭവിക്കുന്നില്ലാ എന്നും അദ്ദേഹം ചോദിക്കുന്നു.
തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയ കുടിയേറ്റ തൊഴിലാളികള്‍ ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും നഗരങ്ങളിലേക്ക് തിരിച്ചു വരുമെന്ന് സായ്‌നാഥ് പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈ വിഷയം സംബന്ധിച്ച് വലിയ തോതില്‍ രേഖകള്‍ തയ്യാറാക്കിയ വ്യക്തിയാണ് സായ്‌നാഥ്. ഇങ്ങനെ തിരിച്ചു വരികയല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നിലില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തന്‍റെ തന്നെ അനുഭവങ്ങള്‍ വെച്ചും 1993ല്‍ താന്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലും അദ്ദേഹം പറയുന്നത് ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ആളുകള്‍ക്ക് ഇനി ഒഡിഷയില്‍ പോയി അവിടത്തുകാരായ തൊഴിലാളികളെ വീണ്ടും പാട്ടിലാക്കി തിരിച്ചു കൊണ്ടുവരേണ്ടതുണ്ട് എന്നാണ്. ഈ തൊഴിലാളികളെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൂറത്തില്‍ നടന്ന വര്‍ഗീയ ലഹളയുടെ വേളയില്‍ അവിടെ നിന്നും ഓടിച്ചു വിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
ധാരാളം സൗജന്യമായ സാമഗ്രികള്‍ നല്‍കി കൊണ്ട് കാര്‍ഷിക മേഖലയെ പിന്തുണക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ട പ്രകാരം നാണ്യവിളകള്‍ കൃഷി ചെയ്യാതെ കര്‍ഷകര്‍ ഇനി കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിളയിറക്കുകയാണ് വേണ്ടത്. വന്‍ തോതിലുള്ള പരുത്തി അല്ലെങ്കില്‍ പഞ്ചസാര സ്‌റ്റോക്കുകള്‍ ആവശ്യക്കാരില്ലാതെ കുന്നു കൂടി കിടക്കുകയാണ്. ഈ സ്ഥിതിഗതി ഭാവിയില്‍ ഒന്നു കൂടി വഷളാവുകയും ചെയ്യും. അതിനാല്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നത് അവരുടെ തന്നെ സുരക്ഷക്ക് ആവശ്യമായ കാര്യമാണ്. കാരണം അത് ചുരുങ്ങിയത് അവരുടെ ഭക്ഷണ ആവശ്യങ്ങളെങ്കിലും നിറവേറ്റുവാന്‍ പര്യാപ്തമായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നമുക്ക് ഇപ്പോള്‍ വേണ്ടത് വികസനമല്ല എന്നും മറിച്ച് നീതിയാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. സമൂഹത്തില്‍ നീതി നടപ്പാക്കുവാന്‍ ലക്ഷ്യമിട്ട് ഭരണ ഘടനയില്‍ വളരെ വ്യക്തമായി തന്നെ നിര്‍ദേശിച്ചിരിക്കുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം ഇനിയുള്ള സര്‍ക്കാരിന്‍റെ നയങ്ങളെന്നും പി.സായ്‌നാഥ് പറഞ്ഞുവെക്കുന്നു.