ന്യൂഡല്‍ഹി : ഐഎസ്ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ 127 പേര്‍ അറസ്‌റ്റിലായതായി ദേശീയ അന്വേഷണ ഏജന്‍സി .തമിഴ്‌നാട്ടില്‍ നിന്ന് 33 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 19 പേരും കേരളത്തില്‍ നിന്ന് 17 പേരും തെലുങ്കാനയില്‍ നിന്ന് 14 പേരുമാണ് അറസ്‌റ്റിലായതെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഐ.ജി അലോക് മിത്തല്‍ വ്യക്തമാക്കി. എന്‍.ഐ.എ തലവന്‍മാരുടെ യോഗത്തിലാണ് അലോക് മിത്തല്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
പാകിസ്ഥാന്‍ പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും ഖലിസ്ഥാനി ഗ്രൂപ്പുകളുടെ സഹായം ഇതിനായി തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് ഉള്‍പ്പെട്ട എട്ടോളം ആസൂത്രിത കൊലപാതക കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കേസില്‍ 16 പേര്‍ അറസ്‌റ്റിലായതായും അലോക് മിത്തല്‍ വ്യക്തമാക്കി .
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബ്രിട്ടണ്‍,ഇറ്റലി,ഫ്രാന്‍സ്,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. ജമ്മു കാശ്‌മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാക് ഫണ്ടും ലഭിക്കുന്നുണ്ട്. കൂടാതെ ബംഗ്ലാദേശിലെ തീവ്രവാദസംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദിന്‍ ഗ്രൂപ്പും ഇന്ത്യയില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുകയാണ്. കൂടുതലായും ബിഹാര്‍, മഹാരാഷ്‌ട്ര, കേരളം,കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും എന്‍.ഐ.എ തലവന്‍ വ്യക്തമാക്കി.