ഇന്ദ്രാണി മുഖർജിയോട് ഡൽഹി പാട്ട്യാല കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടേക്കുമെന്ന് സൂചന. ഐ എൻ എക്സ് മീഡിയ കേസിൽ സാക്ഷിയാകാനുളള അപേക്ഷ പരിഗണിക്കാനാണ് ഉത്തരവിടുക. ഫെബ്രുവരി 28 നാണ് കേസിൽ അടുത്ത വാദം നടക്കാനിരിക്കുന്നത്.
2015 ൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ദ്രാണി നിലവിൽ മുംബൈ ബൈസുളള ജയിലിലാണുളളത്. കഴിഞ്ഞ വർഷമാണ് ഇന്ദ്രാണി ഐ എൻ എക്സ് മീഡിയ കേസിൽ കുറ്റസമ്മതം നടത്തി ഡൽഹി കോടതിയിൽ മൊഴി നൽകിയതും കേസിൽ മാപ്പുസാക്ഷിയാക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തത്.
മുൻ ധനകാര്യമന്ത്രി പി ചിദംബരവും മകൻ കാർത്തി ചിദംബരവും ഐ എൻ എക്സ് മീഡിയ കേസിൽ അന്വേഷണം നേരിടുന്നുണ്ട്. ഫെബ്രുവരി മൂന്നിന് പി ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐക്ക് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നൽകിയിരുന്നു.