മാലി: ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് ജലാശ്വ 700ഓളം ഇന്ത്യക്കാരുമായി മാലി തുറമുഖത്ത് നിന്നും യാത്ര പുറപ്പെടും. കൊവിഡ് രോഗവ്യാപന സാഹചര്യത്തിൽ ഇതര രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍റെ കീഴിലുള്ള 'ഓപ്പറേഷൻ സമുദ്രസേതു'വിന്‍റെ രണ്ടാംഘട്ട ഭാഗമായാണ് രക്ഷാദൗത്യം.
വ്യാഴാഴ്ച രാത്രിയോടെയോടെയായിരുന്നു ഐഎൻഎസ് ജലാശ്വ മാലിദ്വീപിലെ മാലി തുറമുഖത്ത് എത്തിച്ചേർന്നത്. ഐഎൻഎസ് ജലാശ്വയുടെ മാലിദ്വീപിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്. മാലിദ്വീപിൽ നിന്നും ഇതുവരെ 1,286 ഇന്ത്യക്കാരെ ദൗത്യത്തിന്‍റെ ഭാഗമായി നാട്ടിലെത്തിച്ചിരുന്നു. മാലിദ്വീപിന് ശേഷം ഇറാനിലെ ബന്തർ അബ്ബാസിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ഐഎൻഎസ് ജലാശ്വ യാത്ര തിരിക്കും. ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ ഭാഗമായി ശ്രീലങ്കയിലെ കൊളംബോയിൽ നിന്നും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് 700ഓളം ഇന്ത്യക്കാർ ജൂൺ ഒന്നിന് മടങ്ങിയെത്തിയിരുന്നു.