ലക്നൗ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിച്ച് ഉത്തർപ്രദേശിലെ തടവുകാർ. ഫുൾ ഫീൽഡ് ഷീൽഡ് മാസ്കുകളും ഫുൾ-ബോഡി ആപ്രോണുകളും ഉൾപ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ(പിപിഇ) ആശുപത്രികളിലേക്ക് കൈമാറിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആനന്ദ് കുമാർ അറിയിച്ചു. ഇത്തരത്തിൽ 50 പിപിഇ കിറ്റുകളാണ് ലക്നൗവിലെ ബൽറാംപൂർ ആശുപത്രിയിലേക്ക് നൽകിയത്. 100 കിറ്റുകൾ കൂടി തയ്യാറാക്കി കഴിഞ്ഞു. ഒരു പിപിഇ കിറ്റിന് 600 രൂപയാണ് വില. ഒരു മാസത്തിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം മാസ്കുകളും ഇവർ നിർമിച്ചു.
ലക്നൗവിലെ സിവിൽ ഹോസ്പിറ്റലും പിപിഇ കിറ്റുകളുടെ ആവശ്യം അറിയിച്ചിട്ടുണ്ടെന്ന് ജയിൽ ഡിജിപി പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 431 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 32 പേർ രോഗം ഭേതമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.