ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച എന്നാലും ആരാലും ശ്രദ്ധിക്കപ്പെടാതെപോയ സ്‌ത്രീകളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ പുറത്തിറക്കിയ 100 പേരുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരിയുണ്ട്. രാജ്യത്തെ ആദ്യ ആരോഗ്യമന്ത്രിയും, സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിയും, ഗാന്ധിജിയുടെ സെക്രട്ടറിയുമായിരുന്ന രാജ്‌കുമാരി അമൃത് കൗര്‍. 1947 ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ സ്‌ത്രീയെന്നാണ് ടൈം മാഗസിന്‍ അമൃത് കൗറിനെ വിശേഷിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയെ കൊളോണിയൽ ബന്ധങ്ങളിൽ നിന്നും, അടിച്ചമർത്തുന്ന സാമൂഹിക മാനദണ്ഡങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച സ്‌ത്രീയായി അമൃത് കൗര്‍ വിലയിരുത്തപ്പെടുന്നു.
1880 ല്‍ പഞ്ചാബിലെ രാജകുടുംബത്തില്‍ ജനിച്ച അമൃത് കൗര്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. ശേഷം ഇന്ത്യയിലെത്തിയ അമൃത് മഹാത്മാഗാന്ധിയുടെ ആശയങ്ങളോട് അടുത്തു. പിന്നാലെ രാജകീയ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജിയുടെ സെക്രട്ടറിയായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം കൂടിയായിരുന്നു അമൃത് കൗര്‍. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട അമൃത് കൗര്‍ അക്കാലത്ത് രാജ്യത്ത് പടര്‍ന്നുപിടിച്ച മലേറിയയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ദേശീയ ശിശുക്ഷേമ കമ്മീഷന്‍ രൂപപ്പെടുത്തിയതും ഈ വനിതയായിരുന്നു. എയിംസിലെ നഴ്‌സുമാര്‍ക്ക് ഒഴിവു ദിവസം ചിലവഴിക്കാന്‍ അമൃത് കൗര്‍ സ്വന്തം വസ്‌തുവില്‍ സൗകര്യം ഒരുക്കിക്കൊടുത്തു.
ദേവദാസി സമ്പ്രദായം രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും ഇവരായിരുന്നു. സമത്വത്തിനായി പോരാടുമ്പോഴും സ്‌ത്രീകള്‍ക്ക് സംവരണം നല്‍കുന്നതിനോട് അമൃത് കൗറിന് യോജിപ്പില്ലായിരുന്നു. ഭരണമേഖലകളിലേക്കും, മറ്റ് ജോലികളിലേക്കും സ്‌ത്രീകള്‍ക്ക് പ്രവേശനം ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കിയ അമൃത് സ്‌ത്രീകള്‍ക്ക് പ്രത്യേകം സംവരണം ഒരുക്കേണ്ട സാഹചര്യമില്ലെന്ന് വാദിച്ചു. റെഡ് ക്രോസിന്‍റെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അമൃത് 1950ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ചു. ഏഷ്യയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളായിരുന്നു അമൃത്. 1964ല്‍ തന്‍റെ 75ാം വയസിലാണ് അമൃത് കൗര്‍ ലോകത്തോട് വിടപറഞ്ഞത്.