ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 51,706 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 67.19 ശതമാനമായി ഉയര്‍ന്നു. അതേസമയം നിലവില്‍ രാജ്യത്തെ മരണ നിരക്ക് 2.09 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 12,82,215 പേരാണ് ഇതുവരെ രാജ്യത്ത് രോഗവിമുക്തി നേടിയത്. ഇത് ചികില്‍സയിലിരിക്കുന്ന ആളുകളുടെ എണ്ണത്തിന്‍റെ ഇരട്ടിയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. നിലവില്‍ 5,86,244 പേരാണ് ചികില്‍സയില്‍ തുടരുന്നത്. അതായത് മൊത്തം കേസുകളുടെ 30.72 ശതമാനം.
രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതായും കഴിഞ്ഞ 14 ദിവസത്തിനിടെ രോഗമുക്തി നേടിയവര്‍ 63.8 ശതമാനമാണെന്നും ഇത് കൊവിഡിനെതിരെയുള്ള കേന്ദ്രത്തിന്‍റെ ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കാണുന്നതിനുള്ള സൂചനയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആഗോള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴി കൊവിഡ് മരണനിരക്ക് കുറയ്‌ക്കാന്‍ സഹായിച്ചിട്ടുണ്ട്. മരണനിരക്ക് കുറയുകയാണെന്നും 2.09 ശതമാനത്തിലെത്തിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിശോധന വര്‍ധിപ്പിച്ചതും, ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചതും തുടങ്ങി പൊതു സ്വകാര്യ മേഖലയുടെ കൂട്ടായ പരിശ്രമം വഴി രോഗവിമുക്തി നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇതുവഴി 14 ദിവസത്തിനുള്ളിലാണ് 63ല്‍ നിന്നും നിരക്ക് 67 ശതമാനത്തിലെത്തിയതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസവും ആറ് ലക്ഷത്തിലധികം സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. കൊവിഡ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായി പരിശോധന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ചത് രാജ്യത്താകെ സാമ്പിള്‍ പരിശോധന വര്‍ധനവിന് കാരണമായി. ചൊവ്വാഴ്‌ച 6,19,652 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 2,14,84,402 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകള്‍ പരിശോധിക്കാനായി നിലവില്‍ ഇന്ത്യയില്‍ 1366 ലാബുകളാണ് ഉള്ളത്. ഇതില്‍ 920 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലും, 446 എണ്ണം സ്വകാര്യ മേഖലയിലുമാണ്. അതേസമയം ഇന്ത്യയില്‍ ബുധനാഴ്‌ച 52,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,08,254 ആയി ഉയര്‍ന്നു. 857 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണനിരക്ക് 39,795 ആയി.