ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണനിരക്ക് 2.80 ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യം മെച്ചപ്പെട്ട രീതിയില്‍ കൊവിഡിനെ ചെറുക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,776 പേര്‍ക്ക് രോഗം ഭേദമായി. ചൊവ്വാഴ്‌ച മാത്രം 1,37,158 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 41,03,233 സാമ്പിളുകള്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. രോഗവ്യാപനം തടയുന്നതിന് പരിശോധന നിരക്ക് വര്‍ധിപ്പിച്ചു. അതിന്‍റെ ഭാഗമായി രാജ്യത്ത് 608 സര്‍ക്കാര്‍-സ്വകാര്യ ലാബുകള്‍ ആരംഭിച്ചു. രാജ്യത്ത് 952 കൊവിഡ് ആശുപത്രികളും 2,391 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പുതിയ ബിസിനസ് വിസയും തൊഴില്‍ വിസയും ലഭിച്ചവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാത്ര ഇളവുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ദീർഘകാല മൾട്ടി-എൻട്രി ബിസിനസ് വിസ കൈവശമുള്ള വിദേശ പൗരന്മാർ പുതിയ ബിസിനസ് വിസക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.