ന്യൂഡൽഹി: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 112 ജില്ലകൾ മികച്ച പ്രകടനം കാഴ്ചവച്ചതായി നിതി ആയോഗ്. 112 ജില്ലകളിൽ ബാരാമുല (62), നുഹ് (57), റാഞ്ചി (55), വൈ.എസ്.ആർ (55), കുപ്വാര (47), ജയ്സാൽമർ (34) എന്നീ ആറ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. എന്നാൽ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം രാജ്യത്തെ 112 പിന്നോക്ക (അഭിലാഷ) ജില്ലകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ അത്ഭുതകരമായി വിജയിച്ചെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
ബഹുജന പ്രസ്ഥാനത്തിലൂടെ പിന്നോക്ക ജില്ലകളെ വേഗത്തിലും ഫലപ്രദമായും പരിവർത്തനം ചെയ്യുന്നതിനായി 2018 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ആരംഭിച്ചത്. നേരത്തെ, കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ 11 ശാക്തീകരണ ഗ്രൂപ്പുകൾ സജ്ജമാക്കിയിരുന്നു. കേന്ദ്ര സർക്കാരുമായി സഹകരണം സൃഷ്ടിക്കുന്നതിന് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, എൻജിഒകൾ, വികസന- വ്യവസായ പങ്കാളികൾ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ എന്നിവരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകളെ ചുമതലപ്പെടുത്തി. സഹകരണം ജില്ലകളിലെ നിർദേശ തത്വങ്ങളിലൊന്നാണെന്നും നിരീക്ഷണ ക്യാമ്പുകൾ ക്രമീകരിക്കുന്നതിനും കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്നതിനും ജില്ലാ ഭരണകൂടത്തെ പ്രാപ്തമാക്കിയിട്ടുണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞു. സിഎസ്‌ആർ കോർപ്പസ് ഉപയോഗിച്ച് ഒരു പരീക്ഷണ കേന്ദ്രം സ്ഥാപിച്ച അത്തരം ഒരു ജില്ലയാണ് ഉസ്മാനാബാദ്.