ന്യൂഡൽഹി: ലോകമാകെ ദുരിതം വിതയ്ക്കുന്ന കൊവിഡ് വൈറസിനെതിരെ വാക്‌സിൻ കണ്ടുപിടിച്ച് ഇന്ത്യ. കൊവാക്‌സിൻ ടി..എം(COVAXIN™️) എന്ന പേരിലുളള ആദ്യ വാക്‌സിൻ ഭാരത് ബയോടെക്ക് വികസിപ്പിച്ചു.വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നൽകി. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലായ് മുതൽ തന്നെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിൻ വികസിപ്പിച്ചെടുത്തത്.
മനുഷ്യരിലെ പരീക്ഷണമാണ് നിർണായക കടമ്പ. ഇത് വിജയകരായി പൂർത്തിയാക്കിയാൽ ഈ വർഷം തന്നെ വാക്‌സിൻ വിപണിയിലെത്തിച്ച് ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.