ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിന് ഇന്ത്യന്‍ പൈലറ്റുകളുടെ പരിശീലനം ഫ്രാന്‍സില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവെല്‍ ലെനൈന്‍. ഫ്രാന്‍സില്‍ നിന്നും ബുധനാഴ്‌ച ഇന്ത്യയിലെ അമ്പലയില്‍ റഫാന്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തും. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിന് ഇന്ത്യന്‍ പൈലറ്റുകളും ടെക്‌നീഷ്യനുകളും പൂര്‍ണ സജ്ജരായി കഴിഞ്ഞു.
ഇന്ത്യയിലേക്ക് റഫാന്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നുവെന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്നും ഇമ്മാനുവെല്‍ ലെനൈന്‍ പറഞ്ഞു. ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്‍റെ ഭാവിയില്‍ ആശങ്കയില്ല. മാതൃകാപരമായ പങ്കാളിത്തമാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മികച്ച പങ്കാളിത്തമാണ് ഉണ്ടാകേണ്ടത്. ഇന്ത്യയുടെയും ഫ്രാന്‍സിന്‍റെയും കാര്യത്തിലതുണ്ടെന്നും ലെനൈന്‍ പറഞ്ഞു.