ന്യൂഡല്‍ഹി: അമേരിക്കന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാര്‍ലമെന്‍റ് അംഗമായിരിക്കെ ലേഖനങ്ങൾക്കും പ്രസംഗങ്ങൾക്കും മാധ്യമങ്ങളില്‍ നിന്നും വന്‍തുക കൈപ്പറ്റിയിരുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമമാണ് ഏറ്റവും ഉയര്‍ന്ന തുക നല്‍കിയിരിക്കുന്നത്. പാര്‍ലമെന്‍റ് അംഗമായിരിക്കെ 2019ലെ ഇന്ത്യ ടുഡേ കോൺക്ലേവില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പ്രസംഗത്തിനായി അദ്ദേഹം കൈപ്പറ്റിയത് 122899.74 പൗണ്ടാണ്. ഇന്ത്യന്‍ തുക ഏകദേശം 1.13 കോടിയാണ്. ഇംഗ്ലീഷ് പാർലമെന്‍റ് അംഗങ്ങളുടെ സാമ്പത്തിക കാര്യ വിവരങ്ങൾ രേഖപ്പെടുത്തുന്ന റെക്കോഡിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
2019 ജൂലൈ 24നാണ് ബോറിസ് ജോൺസൺ ഇംഗ്ലണ്ട് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ലണ്ടന്‍ ആസ്ഥാനമായ ടെലഗ്രാഫ് മാധ്യമ ഗ്രൂപ്പില്‍ നിന്നും ലേഖനങ്ങൾ എഴുതുന്നതിനായി ഒരു മാസം അദ്ദേഹം കൈപ്പറ്റിയിരുന്നത് 22916.66 പൗണ്ടാണ്. ഇതിനായി 10 മണിക്കുറോളം ചിലവഴിക്കുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2018 സെപ്റ്റംബര്‍ 28 ന് ലണ്ടന്‍ ആസ്ഥാനമായ ദി സ്പേക്‌ടേറ്ററില്‍ നിന്നും ലേഖനത്തിനായി അദ്ദേഹം കൈപ്പറ്റിയിരുന്നത് 800 പൗണ്ടാണ്. കൂടാതെ വാഷിംഗ്‌ടൺ പോസ്റ്റിനായി എഴുതിയ ലേഖനത്തിനായി 376.05 പൗണ്ടാണ് അദ്ദേഹം കൈപ്പറ്റിയത്. 1987ല്‍ മാധ്യമപ്രവര്‍ത്തകനായാണ് ബോറിസ് ജോൺസൺ അദ്ദേഹത്തിന്‍റെ കരിയര്‍ ആരംഭിച്ചത്.